
കുവൈത്ത് സിറ്റി: സ്‍ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവിനെ കുവൈത്തില്‍ അധികൃതര്‍ പിടികൂടി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം. വന്‍തുകയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ തോതിലുള്ള പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഇതിനോടകം 17 പ്രവാസികളെ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്‍തതായി ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. പള്ളികള്‍, കച്ചവട കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാണ്. പിടിയിലായ പ്രവാസികളില്‍ അധിക പേരും അറബ് രാജ്യങ്ങളിലെ പൗരന്മാരാണ്. ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ എമര്‍ജന്‍സി നമ്പറായ 112ലോ അല്ലെങ്കില്‍ 97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലോ അറിയിക്കണമെന്നാണ് നിര്‍ദേശം.