കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ മൃതദേഹം സംസ്കരിച്ചു എത്തിച്ചതും സംസ്കരിച്ചതും വൻ പോലീസ് സുരക്ഷയിൽ

കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ മൃതദേഹം സംസ്കരിച്ചു  
എത്തിച്ചതും സംസ്കരിച്ചതും വൻ പോലീസ് സുരക്ഷയിൽഇരിട്ടി: ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ഫാം പത്താംബ്ലോക്കിലെ രഘു കണ്ണയുടെ  മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു പറമ്പിൽ സംസ്കരിച്ചു. പരിയാരം  കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോട്ടത്തിനുശേഷം വൻ പോലീസ് സുരക്ഷയിൽ  ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് മൃതദേഹം  വീട്ടിലെത്തിച്ചത്.  വഴിയിൽവെച്ച് മൃതദേഹം തടഞ്ഞ് പ്രതിഷേധിക്കുവാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത മുന്നൊരുക്കത്തോടെയാണ് പോലീസ് കാര്യങ്ങൾ നിയന്ത്രിച്ചത്.  മൃതദേഹവുമായി വരുന്ന റൂട്ട് പോലും പോലീസ് രഹസ്യമാക്കി വെച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം  മഫ്‌തിയിലുള്ള പോലീസിനെ അടക്കം  നിയോഗിച്ച്  സുരക്ഷാ ക്രമീകരണങ്ങൾ നടത്തി.  വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃത ദേഹത്തിൽ മേഖലയിലെ താമസക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ളവരുമടക്കം  അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. മരിച്ച രഘുവിന്റെ മൂന്നു മക്കളെയും  അന്തിമാപചാരമർപ്പിക്കാനായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ നിലവിളിഉയർന്നത്  ഇത് കണ്ടു നിന്നവരുടെ കണ്ണുകളെ പോലും ഈറൻ അണിയിച്ചു.