ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ്; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ്; ആലപ്പുഴ സ്വദേശി അറസ്റ്റില്‍


കൊച്ചി: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശി പിടിയിൽ. വ്യാജ രേഖകൾ തയാറാക്കിയുളള തട്ടിപ്പ് പിടികൂടിയത് സംസ്ഥാന ജിഎസ്ടി വിഭാഗമാണ്. കോടികളുടെ ആക്രിക്കച്ചവടമാണ് ആലപ്പുഴ സ്വദേശിയായ നസീബ് ചെയ്യുന്നത്.  മുപ്പതുകോടിയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് വിഭാഗം പറയുന്നത്. എന്നാൽ വ്യാജ ഇൻപുട് രേഖകളുണ്ടാക്കി ആറരക്കോടിയുടെ നികുതി വെട്ടിപ്പാണ് നസീബ് നടത്തിയത്. 

ഇല്ലാത്ത ചരക്കുനീക്കത്തിന്‍റെ രേഖകളുണ്ടാക്കി. ഇതിനായി നിരവധി പേരുടെ പാൻ കാർഡുകളും അനുബന്ധ രേഖകളും ദുരുപയോഗം ചെയ്തു. ഇങ്ങനെ ഇൻപുട് ക്രെഡിറ്റ് ടാക്സ് വെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നസീബിന്‍റെ കച്ചവടത്തെപ്പറ്റിയും സാന്പത്തിക ഇടപാടുകളെപ്പറ്റിയും ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞ ഒരു വർഷമായി അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇയാളുടെ ഇടപാടുകൾ രേഖകൾ കണ്ടെടുത്ത് വെട്ടിപ്പ് തിരിച്ചറിഞ്ഞത്. 

അഞ്ചു കോടിയ്ക്ക് മുകളിലാണ് നികുതി വെട്ടിപ്പെങ്കിൽ അറസ്റ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. കൊച്ചിയിലെ ഇടപ്പളളിയിലെ സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 


ഫെബ്രുവരി രണ്ടാം വാരത്തില്‍ മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയിരുന്നു. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് സിനിമാ നി‍ർമാണ മേഖല മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഡിസംബ‍ർ 15 മുതലായിരുന്നു മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെ്ട്ട സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നി‍ർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നി‍ർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നി‍ർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനി‍ർത്തിയായിരുന്നു റെയ്ഡ്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്