റെയില്‍പ്പാളത്തിലേക്ക്‌ വയോധികൻ തളര്‍ന്നു വീണു: തീവണ്ടി വരുന്നതിനിടയിൽ യുവതി രക്ഷിച്ചു; സംഭവം കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ

റെയില്‍പ്പാളത്തിലേക്ക്‌ വയോധികൻ തളര്‍ന്നു വീണു: തീവണ്ടി വരുന്നതിനിടയിൽ യുവതി രക്ഷിച്ചു; സംഭവം കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ


ചെറുകുന്ന് : റെയില്‍പ്പാളത്തില്‍ തളര്‍ന്നുവീണ വയോധികനെ തീവണ്ടി വരുന്നതിനിടെ യുവതി ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചു. കഴിഞ്ഞദിവസം വൈകിട്ട് കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകവെ വയോധികന്‍ പ്ലാറ്റ്ഫോമില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ആ സമയത്ത് കണ്ണൂര്‍-ചെറുവത്തൂര്‍ വണ്ടിക്ക് കാത്തുനില്‍ക്കുകയായിരുന്ന ചെറുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കുഞ്ഞിമംഗലം സ്വദേശി പി.അശ്വിനിയാണ് ട്രാക്കിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. ആ സമയത്ത് കണ്ണൂര്‍ ഭാഗത്തുനിന്ന് ബെംഗളൂരു വണ്ടി ഈ പാളത്തിലൂടെ വരുന്നുണ്ടായിരുന്നു.ആളുകള്‍ ചേര്‍ന്ന് വയോധികനെ പ്രഥമശുശ്രൂഷ നല്‍കി ആസ്പത്രിയിലെത്തിച്ചു. കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസക്കാരനായിരുന്നു വയോധികന്‍