ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി: വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; ഏഴാം ക്ലാസ് വരെ മാത്രം!

ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി: വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; ഏഴാം ക്ലാസ് വരെ മാത്രം!


കൊച്ചി: പുകയിൽ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ  7 പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 06-03-2023 (തിങ്കൾ) അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ വ്യക്തമാക്കി.