മൂർഖൻ പാമ്പ് കടിച്ച അമ്മയുടെ കാലിൽ നിന്നും വായകൊണ്ട് വിഷം വലിച്ചെടുത്ത് മകൾ

മൂർഖൻ പാമ്പ് കടിച്ച അമ്മയുടെ കാലിൽ നിന്നും വായകൊണ്ട് വിഷം വലിച്ചെടുത്ത് മകൾ


മൂർഖൻ പാമ്പ് കടിച്ച അമ്മയെ രക്ഷിക്കാൻ മകൾ കാലിൽ നിന്നും വിഷം വാ കൊണ്ട് വലിച്ചെടുത്തു. സിനിമയിലെ ഒരു രംഗം പോലെ തോന്നാമെങ്കിലും സംഗതി സത്യമാണ്. കർണാടകയിലാണ് കോളേജ് വിദ്യാർത്ഥിനിയായ മകൾ അമ്മയുടെ ജീവൻ രക്ഷിക്കാൻ ആരും ഭയക്കുന്ന കാര്യം ചെയ്തത്. പെൺകുട്ടിയുടെ മനോധൈര്യത്തെ വാനോളം പുകഴ്‍ത്തുകയാണ് വാർത്തയറിഞ്ഞ് എല്ലാവരും ഇപ്പോൾ.

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. പുത്തൂരിലെ കെയ്യൂർ ഗ്രാമപഞ്ചായത്തംഗം മമത റായിക്കാണ് പാമ്പ് കടിയേറ്റത്. പുത്തൂരിൽ തന്നെയുള്ള തങ്ങളുടെ കൃഷിത്തോട്ടത്തിൽ എത്തിയതായിരുന്നു മമതയും മകൾ ശ്രമ്യയും. തോട്ടം നനയ്ക്കുന്നതിനായി പമ്പ് ഓണാക്കുന്നതിനിടയിലാണ് മമതയുടെ കാലിൽ മൂർഖൻ കടിച്ചത്. പാമ്പ് കടിച്ചു എന്ന് മനസ്സിലായ ഉടൻ തന്നെ അവർ കടിയേറ്റ പാടിന് മുകളിലായി പറമ്പിൽ നിന്നും കിട്ടിയ ഒരു ഉണക്കപുല്ലെടുത്ത് കെട്ടിവെച്ചു. പക്ഷെ വിഷം ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ആ പുല്ലുകൊണ്ട് മാത്രം സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രമ്യ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. അമ്മയുടെ കാലിൽ നിന്നും വിഷം തന്റെ വാ കൊണ്ട് വലിച്ചെടുത്ത് പുറത്തു കളഞ്ഞു. ശേഷം അമ്മയുമായി തൊട്ടടുത്ത ആശുപത്രിയിലെത്തി കാര്യം പറഞ്ഞു. ശ്രമ്യയുടെ വിവേക പൂർവമായ ഇടപെടലാണ് മമതയുടെ ജീവൻ രക്ഷിച്ചത് എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.

പുത്തൂരിലെ വിവേകാനന്ദ കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രമ്യ ഇത്തരത്തിൽ പാമ്പിൻ വിഷം വലിച്ചെടുത്ത് കളയുന്നത് ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. സിനിമകളിൽ മാത്രമാണ് താൻ ഇത്തരത്തിൽ കണ്ടിട്ടുള്ളത് എന്നാണ് ശ്രമ്യ പറയുന്നത്. പക്ഷെ അമ്മയുടെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രമാണ് തന്റെ മനസ്സിലുണ്ടായിരുന്നതെന്നും അതിനായി അപ്പോൾ തോന്നിയത് പ്രവർത്തിച്ചെന്നുമാണ് പിന്നീട്  മാധ്യമങ്ങളോട് ശ്രമ്യ പറഞ്ഞത്.