വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിയ്ക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരമായി സ്‌കൂട്ടര്‍യാത്രക്കാരനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിയ്ക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരമായി സ്‌കൂട്ടര്‍യാത്രക്കാരനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു



മലപ്പുറം: വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിയ്ക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരമായി സ്‌കൂട്ടര്‍യാത്രക്കാരനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വേങ്ങര അങ്ങാടിയില്‍ പിക്കപ്പ് ഓട്ടോസ്റ്റാന്‍ഡിലാണ് സംഭവം. ചേറൂര്‍ സ്വദേശിയും കെട്ടിടനിര്‍മാണ കരാറുകാരനുമായ കാളങ്ങാടന്‍ സുഭാഷിനാണ് (പുരുഷോത്തമന്‍-48) വെട്ടേറ്റത്. സംഭവത്തിൽ ചേറൂര്‍ അടിവാരം സ്വദേശി കാളംപുലാന്‍ മുഹമ്മദലി (39) യെ നാട്ടുകാരും പോലീസുംചേര്‍ന്ന് പിടികൂടി.

മത്സ്യംവാങ്ങി തിരിച്ചുവരുന്നതിനിടയിലാണ് അക്രമം. കൈയ്ക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ സ്വയം ചികിത്സതേടി എത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെട്ടാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത് കൊലപാതകശ്രമത്തിന് പ്രതിക്കെതിരേ കേസെടുത്തു.

Also read-‘മ’ പറഞ്ഞു കളിക്കിടെ ഇടിച്ചതിന്റെ പക 15 വര്‍ഷം; കൊല്ലത്ത് സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നതിനു പിന്നിൽ

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സുഭാഷ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഫുട്ബോള്‍ കളിക്കിടെയുണ്ടായ സംഭവത്തില്‍ ഇത്തരത്തില്‍ പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും സുഭാഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.