കന്നടക്കാരിയും കണ്ണൂരുകാരനും അമ്മയും ചേര്‍ന്ന യൂട്യൂബ് ചാനല്‍ ഒരു കോടി (പത്ത് മില്ല്യണ്‍) പിന്നിട്ട് വിജയഗാഥ തീര്‍ക്കുകയാണ്
കന്നടക്കാരിയും കണ്ണൂരുകാരനും അമ്മയും ചേര്‍ന്ന യൂട്യൂബ് ചാനല്‍ ഒരു കോടി (പത്ത് മില്ല്യണ്‍) പിന്നിട്ട് വിജയഗാഥ തീര്‍ക്കുകയാണ്

കണ്ണൂര്‍ മയ്യില്‍ കുറ്റ്യാട്ടൂര്‍ പാവന്നൂരിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ബിജുവിന്റെ കെ.എല്‍.ബ്രോ ബിജു ഋത്വിക് എന്ന ചാനലാണ് കേരളത്തില്‍ ആദ്യമായി പത്തും കടന്ന് 12.9 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സുമായി ചരിത്രം കുറിച്ചത്.

ഇത്രയും സബ് സ്‌ക്രൈബര്‍മാരെ ചുരുങ്ങിയ കാലം കൊണ്ടു സ്വന്തമാക്കിയ വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത് ബിജുവിന്റെ ഭാര്യ കവിതയും അമ്മ കാര്‍ത്ത്യായനിയും മകന്‍ ഋത്വിക്കും ചേച്ചിയുടെ മകള്‍ അനുവുമെല്ലാമാണ്. ഒപ്പം ബിജുവിന്റെ ചേച്ചിമാരുമുണ്ടാകും.നാട്ടിലെ വിശേഷങ്ങള്‍ കണ്ടും കേട്ടും ജോലിയെടുക്കുന്ന ബസ് ഡ്രൈവറുടെ ഭാവനയില്‍ തമാശ മുഹൂര്‍ത്തങ്ങള്‍ ധാരളമുണ്ട്. ബസോട്ടം കഴിഞ്ഞെത്തി രാത്രിയിലാണ് ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. പിന്നീട് അത് മൊബൈല്‍ ദൃശ്യങ്ങളായി മാറും.ബിജു ജീവന്‍ നല്‍കിയ പരദൂഷണക്കാരി ശോദയും ശോദയെകൊണ്ടു പൊറുതി മുട്ടിയ ഭര്‍ത്താവ് കുമാരനും ഇവര്‍ക്കിടയില്‍പ്പെട്ട പാവം അയല്‍ക്കാരി കാര്‍ത്ത്യേച്ചിയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.വൈകാതെ തന്നെ യൂട്യൂബിന്റെ ഡൈമണ്ട് പ്ലേ ബട്ടണും ഇവരെ തേടിയെത്തി.

ക്വാറി തൊഴിലാളി ,പെയിന്റര്‍,ക്ലീനര്‍ തുടങ്ങി ജീവിക്കാന്‍ ബിജു ചെയ്യാത്ത തൊഴിലുളകളില്ല.താങ്ങായിരുന്ന അച്ഛന്റെയും അമ്മാവന്റെയുമെല്ലാം മരണം ജീവിതം പ്രതിസന്ധിയിലാക്കി.പിന്നീടങ്ങോട്ടാണ് ബസ് ഡ്രൈവറായത്.സ്‌കൂളില്‍ പഠിക്കുമ്ബോഴേ നാടകമെഴുത്തും അഭിനയവും മനസില്‍ കൊണ്ടുനടന്നിട്ടുണ്ട് ബിജു. പന്ത്റണ്ട് വര്‍ഷമായി ഡ്രൈവിംഗ് ജോലിയില്‍. കൊവിഡ് കാലത്ത് ജോലിയില്ലാതെ വീട്ടിലിരുന്ന വേളയിലാണ് ഒരു മൊബൈല്‍ കൈയിലുണ്ടെങ്കില്‍ കഥയും സ്റ്റേജും നടീനടന്‍മാരും ഒന്നുമില്ലാതെ അഭിനയിച്ച്‌ ലോകം മുഴുവന്‍ കാണിക്കാമെന്ന് മനസ്സിലായത്. ഇതോടെ സ്വന്തം യൂ ട്യൂബ് ചാനല്‍ തുടങ്ങി. വീട്ടിലെ തമാശ മുഹൂര്‍ത്തങ്ങളാണ് യൂ ട്യൂബിലിട്ടത്.ഏഴ് വര്‍ഷം മുന്‍പാണ് കര്‍ണ്ണാടക മടിക്കേരിയിലെ കവിതയെ വിവാഹം ചെയ്തത്. കണ്ണൂരിലെ മയ്യില്‍ പാവന്നൂരിലെത്തിയ കന്നഡക്കാരിയുടെ ഭാഷാപ്രശ്നം സൃഷ്ടിച്ച അബദ്ധങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിച്ചു നാട്ടിലും വീട്ടിലുമുണ്ടാകുന്ന പിണക്കവും പരിഭവവും കുശുമ്ബുമെല്ലാമുള്‍ക്കൊള്ളുന്ന വീഡിയോകള്‍ വമ്ബന്‍ ഹിറ്റാവുകയായിരുന്നു.