
കൊവിഡ് വ്യാപനത്തിനിടയിലും ദില്ലിയുടെ അതിര്‍ത്തികളില്‍ ഒരു വര്‍ഷത്തോളം തുടര്‍ന്ന കര്‍ഷക സമരത്തിന് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നും പാലിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ദില്ലിയില്‍ ഒത്തുകൂടാന്‍ കിസാന്‍ മോര്‍ച്ചാ നേതൃത്വം. എംഎസ്പി പാനൽ രൂപീകരിക്കുന്നതും കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) നേതൃത്വത്തില്‍ മാര്‍ച്ച് 20 ന് ദില്ലി രാംലീല മൈതാനിയിൽ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചത്.
പതിനൊന്നോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ കിസാൻ മസ്ദൂർ സഭയിലെ (എഐകെഎംഎസ്) അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എസ്‌കെഎമ്മിന്‍റെ നേതൃത്വത്തില്‍ മാർച്ച് 20ന് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ രാംലീല മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ മഹാപഞ്ചായത്ത് നടത്തും. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ മാർച്ച് 18 മുതൽ ഡൽഹിയിൽ പ്രവേശിക്കുമെന്ന് ദില്ലി പോലീസ് അറിയിച്ചു.
മൊത്തം ഉൽപ്പാദനച്ചെലവിന്‍റെ 50 ശതമാനത്തിൽ മിനിമം താങ്ങുവില നടപ്പാക്കുമെന്ന് മോദി സർക്കാർ രേഖാമൂലം നേരത്തെ ഉറപ്പ് നൽകിയതായി ഡോ. ആശിഷ് മിത്തൽ പറഞ്ഞു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ 26 അംഗങ്ങളുള്ള ഒരു കമ്മിറ്റി രൂപീകരിച്ച സർക്കാർ കർഷകരുടെ എംഎസ്പി ആവശ്യത്തെ പരസ്യമായി എതിർക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഫോസ്ഫേറ്റ് വളങ്ങളുടെ വില 50 ശതമാനം വർധിപ്പിക്കുകയാണ് ചെയ്തത്. കൂടാതെ ഭക്ഷ്യ സബ്‌സിഡികളും എംജിഎൻആർഇജിഎ ബജറ്റും ഗണ്യമായി വെട്ടിക്കുറച്ചെന്നും മിത്തൽ കൂട്ടിച്ചേർത്തു. രാജ്യസ്‌നേഹത്തിന്‍റെ പേരിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കുത്തക വർധിപ്പിക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ക്രോപ്പ് പ്രൊഫൈലിംഗ്, ഭക്ഷ്യ സംസ്‌കരണം, സംഭരണം, വിപണനം എന്നിവ സര്‍ക്കാറിനെ നിർബന്ധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.