നടുറോഡിൽ അരുംകൊല, യുവതിയുടെ മരണം ഉറപ്പാക്കും വരെ നെഞ്ചിൽ കുത്തി; രക്ഷപ്പെടാതെ മൃതദേഹത്തിനടുത്തിരുന്ന് പ്രതി

നടുറോഡിൽ അരുംകൊല, യുവതിയുടെ മരണം ഉറപ്പാക്കും വരെ നെഞ്ചിൽ കുത്തി; രക്ഷപ്പെടാതെ മൃതദേഹത്തിനടുത്തിരുന്ന് പ്രതി


ബെംഗളുരു: ബെംഗളുരു നഗരത്തിൽ നടുറോഡിലിട്ട് യുവതിയെ കുത്തി കൊന്ന സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായ ലീലയുടെ മുൻസുഹൃത്ത് ദിനകറാണ് ആക്രമണം നടത്തിയത്. അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട  ലീലയും ദിനകറും. പ്രണയ ബന്ധം ലീലയുടെ വീട്ടിൽ അറിയിച്ചതോടെ മാതാപിതാക്കൾ എതിർത്തു. ഇരുവരും രണ്ട്  ജാതിയിൽപെട്ടവരായതാണ് വീട്ടുകാരുടെ എതിർപ്പിന് കാരണം. ഇതോടെ ലീല ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.


ലീല ജോലി ചെയ്യുന്ന ബെംഗളുരുവിലെ മുരുകേശപാളയയിൽ ദിനകർ എത്തിയെങ്കിലും സംസാരിക്കാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായാണ് ലീലയെ കൊലപ്പെടുത്താൻ ദീനകർ തീരുമാനിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് ലീല താമസസ്ഥലത്തേക്ക് മടങ്ങുന്നത് കാത്ത് നിന്ന ദിനകര്‍ വീണ്ടും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ ദിനകർ നടുറോഡിൽ തടഞ്ഞുനിർത്തി കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു.

മരണം ഉറപ്പാക്കാൻ 16 തവണയാണ് ലീലയുടെ നെഞ്ചിൽ ദിനക‍ർ കത്തി കുത്തി ഇറക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ലീല മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാതെ പ്രതി മൃതദേഹത്തിന് സമീപത്തു തന്നെ ഇരിക്കുകയായിരുന്നു. ഒടുവിൽ ദിനകറിനെ പൊലിസെത്തി അറസ്റ്റ് ചെയ്യ്തു.