കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍... ബിജെപിയും കോണ്‍ഗ്രസും രഹസ്യനീക്കം തുടങ്ങി, ശരിവച്ച് ദേവഗൗഡ



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍... ബിജെപിയും കോണ്‍ഗ്രസും രഹസ്യനീക്കം തുടങ്ങി, ശരിവച്ച് ദേവഗൗഡ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുറത്തുവരുന്ന അഭിപ്രായ സര്‍വ്വെകളില്‍ കൂടുതലും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നരേന്ദ്ര മോദിയെ ഇറക്കി പ്രചാരണം ശക്തമാക്കുന്നതോടെ കാര്യങ്ങള്‍ മാറിമറിയുമെന്ന് ബിജെപി കരുതുന്നു.

അതേസമയം, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരുമോ എന്ന് കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്കയുണ്ട്. ഇങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യം വന്നാല്‍ എങ്ങനെ മറികടക്കുമെന്ന് ഇരുപാര്‍ട്ടികളും ആലോചന തുടങ്ങിക്കഴിഞ്ഞു. ഇവര്‍ ജെഡിഎസുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവ ഗൗഡ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

നേരത്തെ നടന്ന പല നിയമസഭാ തിരഞ്ഞെടുപ്പിലും തൂക്കുസഭയാണ് വന്നത്. ആ വേളയിലാണ് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രായതും. 2018ല്‍ കോണ്‍ഗ്രസ് ജെഡിഎസിനെ കൂടെ ചേര്‍ത്താണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാരിനെ ഒന്നര വര്‍ഷം തികയും മുമ്പേ ബിജെപി അട്ടിമറിച്ചത് മറ്റൊരു ചരിത്രം. നേരത്തെ ബിജെപിക്കൊപ്പം നിന്ന ചരിത്രവും ജെഡിഎസിനുണ്ട്.

കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദേവഗൗഡ വ്യക്തമായ സൂചന നല്‍കി. ഡെക്കാള്‍ഹെറാള്‍ഡുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ അനാരോഗ്യം കാരണം ഇക്കാര്യങ്ങള്‍ക്കെല്ലാം കുമാരസ്വാമിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പ്രതിനിധികളെ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് സ്വര്‍ണം ഒഴുകും; അവസരം മുതലെടുക്കാം... ലാഭം കൊയ്യാന്‍ സര്‍ക്കാരും

പ്രധാനമന്ത്രി നരേന്ദ്ര മോദി 40ഓളം സ്ഥലങ്ങളിലാണ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. ജെഡിഎസിനെ പരാജയപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് കുമാരസ്വാമിയില്‍ വിശ്വാസമുണ്ടെന്നും ദേവ ഗൗഡ പറഞ്ഞു. തൂക്കുസഭ വരില്ല. ജെഡിഎസിന് വ്യക്തമായ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കും. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഏക രാഷ്ട്രീയ നേതാവ് കുമാരസ്വാമിയാണെന്നും ദേവഗൗഡ പറഞ്ഞു.

ഹാസന്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് തങ്ങളുടെ കുടുംബത്തില്‍ തര്‍ക്കങ്ങളില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദമാണത്. മരുമകള്‍ ഭവാനിയും മകന്‍ രേവണ്ണയുമുള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ഥി സ്വരൂപിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഹാസന്‍ ജില്ലയിലെ ഏഴ് സീറ്റിലും വിജയിക്കാനുള്ള ശ്രമം ജെഡിഎസ് നടത്തുന്നുണ്ടെന്നും ദേവ ഗൗഡ പറഞ്ഞു.

കുമാരസ്വാമിയുടെ മകന്‍ നിഖില്‍ രാമനഗറില്‍ നിന്ന് ജയിക്കും. രാമനഗര്‍ മുതല്‍ ചന്നപട്‌ന വരെ ഞാന്‍ പ്രചാരണം നടത്തും. രാമനഗരത്തിന് ഞാന്‍ നല്‍കിയ സംഭാവനകള്‍ അവിടെയുള്ളവര്‍ മറക്കില്ല. അവര്‍ ജെഡിഎസിനൊപ്പം നില്‍ക്കും. മോദിയോട് എനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ല. ഗോധ്ര സംഭവത്തില്‍ മാത്രമാണ് ഞാന്‍ മോദിയെ എതിര്‍ത്തത്. ഹാസനില്‍ ഐഐടി വേണമെന്ന എന്റെ ആവശ്യത്തിന് തൃപ്തികരമായ മറുപടി മോദി നല്‍കിയില്ലെന്നും ദേവഗൗഡ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം ജെഡിഎസ് അധികാരത്തിലെത്തിയാല്‍ വീണ്ടും നടപ്പാക്കും. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മാണ്ഡ്യയില്‍ ജെഡിഎസ് നേതാക്കള്‍ക്കിടയിലെ ഭിന്നത നീക്കാന്‍ ഞാന്‍ അവിടെ സന്ദര്‍ശിക്കുമെന്നും ദേവഗൗഡ പറഞ്ഞു.