ഇരിക്കൂറില്‍ വീട്ടമ്മ കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം; പ്രതികളായ ഇതരസംസ്ഥാനക്കാർ എവിടെ? പിടികൂടാനാവാതെ അന്വേഷണ സംഘം

ഇരിക്കൂറില്‍ വീട്ടമ്മ കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം; പ്രതികളായ ഇതരസംസ്ഥാനക്കാർ എവിടെ? പിടികൂടാനാവാതെ അന്വേഷണ സംഘം


കണ്ണൂര്‍: ഇരിക്കൂറില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഏഴു വര്‍ഷം തികയുമ്പോഴും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം. കൊല്ലപ്പെട്ട കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരാണ് 
കൊലപാതകത്തിന്  പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ നൂറിലധികം കവര്‍ച്ചകൾ 
നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടത്തല്‍.

2016 ഏപ്രില്‍ 30നാണ് ഇരിക്കൂര്‍ സിദ്ധീഖ് നഗറിലെ വീടിനുള്ളില്‍ കുഞ്ഞാമിനയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഉടനീളം കുത്തേറ്റിരുന്നു. ഇവര്‍ ധരിച്ച 10 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയതോടെയാണ് കവര്‍ച്ചയായിരുന്നു കൊലക്ക് പിന്നിലെ ലക്ഷ്യമെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കൊല നടന്നതിനു പിന്നാലെ കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ടു വനിതകളും ഒരു പുരുഷനും സ്ഥലം വിട്ടതായി പൊലീസ് കണ്ടെത്തി. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കൊലനടത്തിയ ശേഷം സ്വര്‍ണ്ണവുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്. 

ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിക്കാനായി നല്‍കിയിരുന്ന പേരും മേല്‍വിലാസവുമെല്ലാം വ്യാജമായിരുന്നു.കൊല നടത്തിയ ശേഷം ഇവര്‍ മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം ഹോട്ടലില്‍ തങ്ങിയതിന്റെ വിവരവും പൊലീസിന് കിട്ടി. പക്ഷേ അവിടെ നിന്നും ഇവരെങ്ങോട്ടാണ് കടന്നതെന്ന് മാത്രം കണ്ടെത്താനായില്ല. 2021ല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും പ്രതികളിലേക്കെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

പല സംസ്ഥാനങ്ങളിലായി നിരവധി കവര്‍ച്ച നടത്തിയ സംഘം 2013ല്‍ ഹൈദരാബാദില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിക്കപ്പെട്ടിരുന്നു. ഓംഗോള്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിനു ശേഷമാണ് ഇവർ കേരളത്തിലെത്തിയതും കൊല നടത്തിയതും. ഓംഗോള്‍ പൊലീസില്‍ നിന്നും കിട്ടിയ പ്രതികളുടെ ഫോട്ടോ ഉപയോഗിച്ച് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.