കനിവ് 108 ആംബുലൻസ് പ്രസവമുറിയായി; അമ്മയ്ക്കും കുഞ്ഞിനും രക്ഷക്കാരായി ധന്യയും സീനയും

കനിവ് 108 ആംബുലൻസ് പ്രസവമുറിയായി; അമ്മയ്ക്കും കുഞ്ഞിനും രക്ഷക്കാരായി ധന്യയും സീനയും


വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസ് പ്രസവമുറി ആയി. അമ്മയ്ക്കും കുഞ്ഞിനും രക്ഷക്കാരായി കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ തോമസും, കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സീന എം എസ്സും.  വയനാട് പൊഴുതന ഇടിയംവയൽ ഇ എം എസ് കോളനിയിലെ 30 വയസുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ബുധനാഴ്ച രാത്രി 11.40നാണു സംഭവം. രാത്രി 11 മണിയോടെയാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത്. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സുവിലേഷ് എസ്.വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ തോമസ് എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. ഇവർക്ക് സഹായം ഒരുക്കി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സീന എം.എസ്സും ആംബുലൻസിൽ രോഗിയെ അനുഗമിച്ചു. 

ആംബുലൻസ് മില്ല്മുക്ക് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന്  ധന്യയും, സീനയും നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിയുടെയും കുഞ്ഞിൻ്റെയും ജീവന് തന്നെ ആപത്ത് ആണെന്ന് മനസ്സിലാക്കി ആംബുലൻസിൽ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. രാത്രി 11.40 ന് ധന്യയുടെയും സീനയുടെയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ധന്യയും, സീനയും ചേർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് സുവിലേഷ് അമ്മയെയും കുഞ്ഞിനെയും മാനന്തവാടി മെഡിക്കൽകോളേജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.