മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; ജാഗ്രതാ നിർദ്ദേശംലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. തുടർന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവ സ്ഥാവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതൽ മെയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. 

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണം. ഉപകരണങ്ങൾ സുരക്ഷിതമാക്കണം. അതേസമയം, കേരള-കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (പുറപ്പെടുവിച്ച സമയം 07.00 AM 07.05.2023)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

ഉയർന്ന തിരമാല ജാഗ്രതാ  നിർദേശം

കേരള തീരത്ത് 07-05-2023 ന് രാത്രി11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 20 - 50 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.