താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും

താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും

താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തന്നെ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എട്ട് പേരുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തുക. രണ്ട് പേരുടെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലാണ് നടത്തുക. നിലവിൽ, 22 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയ 35 ലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബോട്ട് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ താനൂരിൽ ലംഘിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം, ബോട്ട് ഉടമ ഒളിവിലാണ്