യുഎഇയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നു വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

യുഎഇയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നു വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു


ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഏതാനും ദിവസം മുമ്പ് അല്‍ നഹ്‍ദയില്‍ വെച്ചായിരുന്നു സംഭവം. 12 വയസുകാരിയാണ് മരണപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടി താഴേക്ക് ചാടി മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന്റെ 17-ാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛനും സഹോദരിയും ഈ സമയം നാട്ടിലായിരുന്നു. കുട്ടി പഠിച്ചിരുന്ന അതേ സ്‍കൂളില്‍ അധ്യാപികയായിരുന്നു അമ്മ. സ്‍കൂളില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ താമസ സ്ഥലത്തെത്തിയ കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. അയല്‍വാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി.