'നഗ്നത കാണാവുന്ന കണ്ണട'; മലയാളികൾ ഉള്‍പ്പെടെ 4 പേർ പിടിയില്‍


'നഗ്നത കാണാവുന്ന കണ്ണട'; മലയാളികൾ ഉള്‍പ്പെടെ 4 പേർ പിടിയില്‍

നഗ്നത കാണാന്‍ സാധിക്കുന്ന കണ്ണടകള്‍ വില്‍പനയ്ക്ക് എന്ന വ്യാജേന തട്ടിപ്പു നടത്തിയ സംഘം ചെന്നൈയില്‍ പിടിയില്‍. ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികള്‍ അടക്കമുള്ള നാലംഗ സംഘമാണ് കോയമ്പേടുള്ള ലോഡ്ജില്‍ നിന്ന് പിടിയിലായത്. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സംഘത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈ കോയമ്പേട് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് 6 ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് ‘കണ്ണട’ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Also Read- മരിച്ചയാളുടെ പിപിഎഫ് അക്കൌണ്ടിൽ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്തു; ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർ അറസ്റ്റില്‍

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന പേരിൽ ഇവർ സോഷ്യല്‍ മീഡിയയില്‍ പരസ്യം നൽകിയിരുന്നു. 1 കോടിയോളം രൂപ വിലയുള്ള കണ്ണട 5 മുതല്‍ 10 ലക്ഷം രൂപ വരെ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഈ ഓഫറിന് താല്‍പര്യമുള്ള ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ ശേഷം പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല, പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.



പിന്നാലെ കണ്ണടയുടെ വിലയായി ഒരു കോടി രൂപ ആവശ്യപ്പെടും. പണം നൽകാൻ തയാറാകത്തവരെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇനിയാണ് തട്ടിപ്പിന്‍റെ അടുത്ത ഘട്ടം. ഭീഷണിക്ക് പിന്നാലെ ഇവരുടെ കൂട്ടത്തിൽപ്പെട്ട 2 പേർ പോലീസ്യൂണിഫോമില്‍ തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. തുടർന്ന് ഇവർ റൂമിലേക്കു കടന്നുവരും. പണം നൽകി നഗ്നത കാണാൻ തയാറായ ആളുകള്‍ എന്ന പേരിലെ ഇവരെ കണക്കിനു പരിഹസിക്കും. കളിയാക്കലുകള്‍ അസഹ്യമാകുമ്പോള്‍ പണം നൽകി മുങ്ങുകയാണ് പതിവ്. മാനക്കേട് പേടിച്ച് തട്ടപ്പിന് ഇരയായവര്‍ പോലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് സംഘം തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്. തട്ടിപ്പ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം കഴിഞ്ഞ ദിവസം ചെന്നൈയില്‍ പിടിയിലാകുന്നത്.