
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ റോഡുകളും എ.ഐ. ക്യാമറകളുടെ നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തതു പതിനായിരം കോടിയുടെ പദ്ധതി. ഇതിനായി ഭാവിയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത് 8,200 ക്യാമറകള്‍. ആദ്യ ഘട്ടമെന്ന നിലയില്‍ 726 ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍തന്നെ സജ്ജമാക്കിയത് 3,000 ക്യാമറാ യൂണിറ്റുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്‍ട്രോള്‍ റൂം.
2019-ല്‍തന്നെ 8,200 ക്യാമറകള്‍ സ്ഥാപിക്കാന്‍ നീക്കം നടന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പും കെല്‍േട്രാണും സംയുക്തമായി നടത്തിയ സര്‍വേയില്‍ 7,000 എ.ഐ. ക്യാമറകളും 1,200 സ്പീഡ് ക്യാമറകളും സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
2019-ലെ റോഡുകളുടെ സ്ഥിതിയും വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്താണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്യാമറകളുടെ എണ്ണം പതിനായിരം കടക്കാന്‍ സാധ്യത ഏറെയാണ്.
മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും ആദ്യ ഘട്ടമായി നടത്തിയ പരിശോധനയില്‍ 980 അപകട മേഖലകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 726 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 80 കോടി രൂപയാണ് കെല്‍ട്രോണ്‍ ചെലവു കണക്കാക്കിയത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ രേഖാമൂലം അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ബി.ഒ.ടി. വ്യവസ്ഥയില്‍ കെല്‍ട്രോണിനെ പദ്ധതി ഏല്‍പ്പിച്ചപ്പോള്‍ ചെലവ് 232 കോടി രൂപയായി വര്‍ധിച്ചു!
പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ 40% മുതല്‍ 50% വരെ കുറയുമെന്നാണു കെല്‍ട്രോണിന്റെ കണക്കുകൂട്ടല്‍. ആദ്യ വര്‍ഷം പിഴ ഇനത്തില്‍ സര്‍ക്കാരിലേക്ക് പ്രതീക്ഷിക്കുന്നത് 156 കോടി രൂപയാണ്. 8200 ക്യാമകള്‍ സ്ഥാപിക്കുന്നതോടെ പ്രതീക്ഷിക്കുന്ന വരുമാനം ആയിരം കോടിയിലധികം വരും.