പയ്യാമ്പലത്ത് സാഹസിക ബോട്ട് സർവീസ്; മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ

പയ്യാമ്പലത്ത് സാഹസിക ബോട്ട് സർവീസ്; മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ


കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സഹസിക ബോട്ട് സർവീസ് നടത്തുന്നത് മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ. സീറ്റ് ബെൽറ്റ് പോലുമില്ലാതെയാണ് കുട്ടികൾ അടക്കമുള്ളവർ ബോട്ടിങ് നടത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയോടെയാണ് ഈ ബോട്ടുകൾ പയ്യാമ്പലം കടലിൽ സർവീസ് നടത്തുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് മേയർ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 


അതേസമയം, ന​ഗരസഭക്ക് അധികാരം എൻഒസി നൽകാൻ മാത്രമെന്ന് താനൂര്‍ നഗരസഭ ചെയര്‍മാന്‍ പിപി ഷംസുദ്ദീന്‍ പറഞ്ഞു.  താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിൽ നേരത്തെയും അമിതമായി ആളുകളെ കയറ്റിയിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ബോട്ട് സർവ്വീസ് നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂസ് അവറിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ബോട്ടുകാർ സഹകരിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഇന്ന് പറഞ്ഞതാണെ'ന്നും ചെയർമാൻ പറഞ്ഞു. മലപ്പുറം ജില്ലാ വികസന സമിതിയിൽ ഇക്കാര്യം ഉയർത്തി പരാതി വന്നിരുന്നു എന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു. 


മലപ്പുറം താനൂരിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ട ബോട്ട് അപകടത്തിന് ദിവസങ്ങൾക്ക് മുമ്പും അമിതമായി യാത്രക്കാരെ കയറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അവിടെ നിന്നുള്ള വലിയ പരാതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്രയൊക്കെ പരാതികൾ ഉയർന്നിട്ടും വീണ്ടും ബോട്ട് യാത്ര തുടർന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ പെരുന്നാൾ ദിവസമുള്ള ഒരു ദൃശ്യമാണിതെന്നാണ് വെളിപ്പെടുന്നത്. ബോട്ടിനെതിരെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.