മൂന്നാം തവണയും വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

മൂന്നാം തവണയും വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു


വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂരിക്കാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാടുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ മാസം ഇത് രണ്ടാം തവണയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. മെയ് 8ന് കണ്ണൂര്‍ വളപട്ടണത്ത് വച്ചും ട്രെയിനിന് നേരെ അജ്ഞാതന്‍ കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസ് പൊട്ടിച്ചു. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.

തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വച്ചാണ് വന്ദേഭാരത് ട്രെയിനിന് നേരെ ആദ്യമായി കല്ലേറുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ട്രെയിനിന്റെ സി ഫോര്‍ കോച്ചിന്റെ സൈഡ് ചില്ലില്‍ വിള്ളല്‍ സംഭവിച്ചിരുന്നു. തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.