സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; തീരുമാനം പ്രഖ്യാപിച്ച് കോൺ​ഗ്രസ്


സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; തീരുമാനം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ബം​ഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 


ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ​ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോ​ഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.  ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു. ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഒരു തീരുമാനവുമായില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു. ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തിവെക്കുകയായിരുന്നു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോവുകയും തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി കെ ശിവകുമാറിന്‍റെ കടുത്ത നിലപാടാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതൽ ഹൈക്കമാന്‍ഡ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലുള്ള ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാലുള്ള പ്രത്യാഘാതമാണ് പാര്‍ട്ടിയെ  അത്തരമൊരു തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.