കാറ്റിൽ അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിൽ വ്യാപക കൃഷി നാശം

കാറ്റിൽ അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിൽ വ്യാപക കൃഷി നാശം


ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മേഖലയിൽ ശക്തമായ കാറ്റിൽ വൻ വൻകൃഷി നാശം. ആയിരക്കണക്കിന് വാഴകളും, ടാപ്പ് ചെയ്യുന്ന നൂറുകണക്കിന് റബ്ബർ മരങ്ങളും, മറ്റ് കാർഷിക വിളകളും നശിച്ചു.
ഉരുപ്പും കുറ്റിയിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്യുന്ന കരിപ്പേലിൽ ഷിബു, പുതിയടത്ത് ജയ്മോൻ എന്നിവരുടെ തൊള്ളായിരത്തോളം വാഴകളിൽ അറുനൂറ് എണ്ണത്തോളം കാറ്റിൽ നശിച്ചു. കുലക്കാറായ വാഴകൾ നശിച്ചതോടെ  മൂന്നുലക്ഷം രൂപയിലധികം നഷ്ടമാണുണ്ടായത്. തരിശായി കിടന്നിരുന്ന സ്ഥലം ശാസ്ത്രീയമായ വിധത്തിൽ ഒരുക്കിയെടുത്താണ് കൃഷി നടത്തിയിരുന്നത്. മുക്കാൽ കിലോമീറ്റർ ദൂരത്ത് നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ചാണ് ജലസേചനം നടത്തിയിരുന്നത്. 
ഏഴാം കടവിലെ വെള്ളാംകുഴിയിൽ ജോസഫിൻ്റെ നൂറ്റമ്പതോളം റബ്ബർ മരങ്ങളും, കുന്നംകൂട്ട് ചാക്കോയുടെ  റബ്ബർ മരങ്ങളും, കുഞ്ഞുമോൻ ആഞ്ഞിലിവേലിന്‍റെ നൂറോളം കുലച്ച വാഴകളും കാറ്റിൽ നിലം പൊത്തി. ഈന്തുംകരിയിലെ മാവേലിൽ സുകുമാരൻ്റെ വീടിനു മുകളിൽ തെങ്ങ് വീണ് സൺഷൈഡ് തകർന്നു.  സണ്ണി ജോസഫ് എംഎൽഎ, വാർഡ് മെമ്പർ ജോസ് എ വൺ  തുടങ്ങിയവർ നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ  സന്ദർശിച്ചു.