തിരുവനന്തപുരം: കൊച്ചിയിൽ യുവതിക്കുനേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയത് വലിയ ചർച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തും സമാന സംഭവം. കെഎസ്ആർടിസി ബസിലാണ് യുവതിക്കു നേരേ സഹയാത്രികൻ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേർപ്പെടുകയും ചെയ്തത്. സംഭവത്തിൽ പട്ടം എൽഐസിക്ക് സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവ (25) യെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 8.15 ഓടെ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മരപ്പാലത്ത് വച്ചാണ് സംഭവം. വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർക്കുനേരേയായിരുന്നു നഗ്നതാ പ്രദർശനം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. വിൻഡോ സൈഡിൽ ഇരിക്കുന്നയാൾ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസ്സിലാക്കി യുവതി തിരിഞ്ഞിരുന്നപ്പോൾ പ്രതി കാൽമുട്ടിനു മുകളിൽ സ്പർശിക്കുകയും നേരേ തിരിഞ്ഞിരുന്ന് ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് ട്രെയിൻ കയറാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനാണ് യുവതി ബസിൽ കയറിയത്. മൊഴി എടുത്ത ശേഷം പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം തമ്പാനൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.