റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്; രഹസ്യവിവരവും ദിവസങ്ങൾ നീണ്ട നിരീക്ഷണവും, കഞ്ചാവ് ചെടികൾ വേരോടെ പിഴുതു

റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്; രഹസ്യവിവരവും ദിവസങ്ങൾ നീണ്ട നിരീക്ഷണവും, കഞ്ചാവ് ചെടികൾ വേരോടെ പിഴുതു


കായംകുളം: കായംകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്ന് കഞ്ചാവ്‌ ചെടികൾ കണ്ടെടുത്തു. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 10 കഞ്ചാവ്‌ ചെടികളാണ് കണ്ടെടുത്തത്. ചെടികൾ നട്ട് വളർത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി ഇയാളെ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരുകയായിരുന്നു.

ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്‍റണി, പ്രിവന്‍റീവ് ഓഫീസർ കെ എ ആന്‍റണി, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ എസ് എസ്, പ്രവീൺ എം എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, കൊച്ചി നഗരത്തിൽ ലോറിയിൽ കരിങ്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. 286 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, പുന്നപ്ര സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. പൊലീസ് പരിശോധന ഒഴിവാക്കാൻ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പലചരക്ക്, കരിങ്കൽ ലോറികളിൽ ഡ്രൈവർമാരുടെ ഒത്താശയോടെ സഹായികൾ എന്ന വ്യാജേന കയറിയാണ് ഇവര്‍ മയക്കു മരുന്ന് കേരള അതിർത്തി കടത്തി കൊണ്ടുവന്നിരുന്നത്.

കരിങ്കൽ കയറ്റിവന്ന ലോറിയിൽ മയക്കു മരുന്നുമായി എത്തിയ ഇവരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ യോദ്ധാവ് സ്ക്വാഡാണ്  പിടികൂടിയത്. ചില്ലറ വില്‍പ്പനയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളുരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. ഒന്നാം പ്രതിക്ക് വിശാഖപട്ടണം, കുമളി എന്നിവിടങ്ങളിൽ കഞ്ചാവ് കേസും ആലപ്പുഴയിൽ അടിപിടി കേസുമുണ്ട്.