സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം ദില്ലിയിലെത്തിച്ചു, ഉച്ചയോടെ കൊച്ചിയിലേക്ക്, നാളെ രാവിലെ സംസ്കാരം

സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം ദില്ലിയിലെത്തിച്ചു, ഉച്ചയോടെ കൊച്ചിയിലേക്ക്, നാളെ രാവിലെ സംസ്കാരം


ദില്ലി : സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ദില്ലിയിൽ എത്തിച്ചു. മൃതദേഹം  ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. രാത്രി എട്ടുമണിയോടെ മൃതദേഹം ആലക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പത് മണിക്ക് നെല്ലിപ്പാറ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ ആറ് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദില്ലി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തിച്ചത്.  നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചു. 

ഏപ്രില്‍ 14നാണ് സുഡാനില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. അവധി ആഘോഷിക്കാൻ സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകളും നോക്കി നിൽക്കെയായിരുന്നു മരണം. മൂന്ന് ദിവസം മൃതതേഹം വെടിയേറ്റ മുറിയിൽ നിന്ന് മാറ്റാൻ പോലും കഴിഞ്ഞിരുന്നില്ല. തുടർന്ന് എംബസി ഇടപെട്ടാണ് ബോഡി ഖർത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യയും മകളും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ 27 ന് നാട്ടിലെത്തിയിരുന്നു.