'കഞ്ചാവ്, ഒസിബി പേപ്പർ, എംഡിഎംഎ'; വയനാട്ടിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കല്‍പ്പറ്റ: വയനാട് മുട്ടിലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മുട്ടിൽ കുട്ടമംഗലം സ്വദേശി ഷാഹിൻ റഹ്മാൻ, ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോടികളുടെ മയക്കുമരുന്നാണ് വിവിധ സ്ഥലങ്ങളിലായി പിടികൂടിയത്. കൊച്ചിയിൽ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 12,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാനിൽ നിന്നെത്തിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്ത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്നതാണിത്.
കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ ന്യൂജെൻ മയക്കുമരുന്ന് കഴിഞ്ഞ ദിവസം പിടികൂടി. കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ നടത്തിയ ലഹരി പരിശോധനയില്‍ മുക്കാൽ കിലോ എംഡിഎംഎയും, അമ്പത് ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. ഫ്ലാറ്റിലുണ്ടായിരുന്ന പ്രതി കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് നഗരത്തിൽ ലഹരി വിതരണത്തിനെത്തിക്കുന്നവരിൽ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു