'റോഡില്‍ കുഴിയുണ്ടോ?' പരിശോധിക്കാൻ ലേസര്‍ സാങ്കേതികവിദ്യയുള്ള ആധുനിക വാഹനം; അന്താരാഷ്ട്ര പുരസ്കാരം നേടി ദുബൈ
റോഡില്‍ കുഴിയുണ്ടോയെന്ന് പരിശോധിക്കാൻ ലേസര്‍ സാങ്കേതികവിദ്യയുള്ള ആധുനിക വാഹനമാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ഉപയോഗിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും റോഡുകളുടെ നിലവിലുള്ള അവസ്ഥ മനസിലാക്കാനുമാണ് ഈ സംവിധാനം. ഒരു വാഹനത്തില്‍ ഘടിപ്പിച്ച ഈ പരിശോധനാ സംവിധാനം റോഡിലൂടെ നീങ്ങുമ്പോള്‍ തന്നെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടും. ഇത്തരം പരിശോധനകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ സംവിധാനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
പേവ്‍മെന്റ് മെയിന്റനന്‍സ് മാനേജ്‍മെന്റ് സിസ്റ്റം (പി.എം.എം.എസ്) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് അടുത്തിടെ ഒരു അന്താരാഷ്ട്ര അംഗീകാരവും ദുബൈയ്ക്ക് ലഭിച്ചു. ബ്രാന്‍ഡന്‍ ഹാള്‍ എക്സലന്‍സ് അവാര്‍ഡിലെ ബിസിനസ് ഫ്യൂച്ചര്‍ – ബെസ്റ്റ് അഡ്‍വാന്‍സ് ഇന്‍ അസെസ്‍മെന്റ് ആന്റ് സര്‍വേ ടെക്നോളജി വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചത്. ഫീല്‍ഡ് പരിശോധനാ സമയം 400 ശതമാനത്തിലധികം ലാഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. സാധാരണ പരിശോധനയെ അപേക്ഷിച്ച് 97 ശതമാനം കൃത്യത ഇതിനുണ്ടെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ മൈത ബിന്‍ അതായി പറഞ്ഞു.
റോഡിന്റെ ഗുണനിലവാരവും നിലവിലെ അവസ്ഥയും വിശദമായി മനസിലാക്കാന്‍ പി.എം.എം.എസിന് സാധിക്കും. എല്ലാ തരം റോഡുകളിലും അതിന്റെ നിര്‍മാണത്തിലെ വിവിധ പാളികളില്‍ സംഭവിക്കുന്ന തകരാറുകള്‍ ഇതിലൂടെ കണ്ടെത്തും. കൃത്യമായ ഇടവേളകളില്‍ റോഡുകള്‍ ഇത് ഉപയോഗിച്ച് പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷിതത്വവും യാത്രയും സുഖവും ഉറപ്പാക്കുന്ന തരത്തിലുള്ള മികച്ച നിലവാരം റോഡുകള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താനാകും