ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീണ്‍ പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്.കഴിഞ്ഞ ദിവസങ്ങളിൽ പ്രവീണിന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. താനും ഭാര്യയായ റിഷാനയും തമ്മിൽ പിരിയുകയാണെന്ന പ്രവീണിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം കടുത്തത്. തുടർന്ന് സൈബർ ആക്രമണത്തെ കുറിച്ച് പ്രവീൺ മറ്റൊരു പോസ്റ്റ് പങ്കിട്ടിരുന്നു.
'ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്.ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ', എന്നായിരുന്നു പ്രവീണിന്റെ കുറിപ്പ്.
ഇതിന് പിന്നാലെയാണ് പ്രവീൺ ആത്മഹത്യ ചെയ്തത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.