താനൂർ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ

താനൂർ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ
നാടിനെ ഒന്നാകെ നടുക്കിയ താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്‍റെ ഡ്രൈവർ പിടിയിലായി.സ്രാങ്ക് ദിനേശൻ ആണ് താനൂരിൽ പിടിയിലായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

‘താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവം’; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അതേസമയം, ബോട്ടുടമ നാസറിനെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാളെ തിരൂർ സബ്ജയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് നേരെ കോടതിക്ക് മുമ്പിൽ വെച്ച് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. ഇയാൾക്ക് നേരെ നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. ഇന്നലെ കോഴിക്കോട് വെച്ചാണ് നാസറിനെ പൊലീസ് അറസ്റ്റുചെയ്തത്.



അപകടം നടന്ന ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇവർ ഒളിവിൽ ആണെന്നാണ് സൂചന.