
ഒരിക്കൽ ജനസംഖ്യ കുറക്കുന്നതിന് വേണ്ടി ഒറ്റക്കുട്ടി നയം പോലും നടപ്പിലാക്കിയ രാജ്യമാണ് ചൈന എങ്കിൽ ഇന്ന് രാജ്യം ജനസംഖ്യയെ ചൊല്ലി കടുത്ത ആശങ്കയിലാണ്. അതുകൊണ്ട് തന്നെ ജനനനിരക്ക് കൂട്ടുന്നതിനായി പല വഴികളും തേടുകയാണ് രാജ്യം. ഇപ്പോൾ ജനനനിരക്ക് കൂട്ടുന്നതിനായി പുതുകാല വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാനും ദമ്പതികൾക്ക് കുട്ടികളെ വളർത്താൻ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഒക്കെയുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
ചൈനയുടെ ഫാമിലി പ്ലാനിംഗ് അസോസിയേഷനാണ് പദ്ധതികൾ നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികളുടെ ജനനത്തിനും പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗ്ലോബൽ ടൈംസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. വിവാഹം, പ്രായമധികമാകുന്നതിന് മുമ്പ് തന്നെ കുട്ടികളെ വേണമെന്ന തീരുമാനമെടുക്കൽ, കുട്ടികളെ പരിചരിക്കുന്നതിനുള്ള ഉത്തരവാദിത്തം അച്ഛനും അമ്മയും തുല്യമായി ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് ചൈന ലക്ഷ്യമിടുന്നത്. ഒപ്പം ഉയർന്ന നിരക്കിലുള്ള സ്ത്രീധനം പോലെ തന്നെ ചൈനയിൽ നിലവിൽ പുരുഷനും കുടുംബവും വലിയ തുക വധുവിന് കൊടുക്കുന്ന പഴകിയ ആചാരം പിന്തുടരുന്നവരുണ്ട്, അത്തരം ആചാരങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ വഴികളും ചൈന തേടുന്നു.
പ്രാരംഭ ഘട്ടത്തിൽ ഗ്വാങ്‌ഷൂ, ഹൻഡാൻ എന്നിവിടങ്ങളിൽ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ചൈന. കഴിഞ്ഞ വർഷം തന്നെ ബെയ്ജിംഗ് ഉൾപ്പെടെ 20 നഗരങ്ങളിലെ അസോസിയേഷൻ പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു എന്നും ടൈംസ് പറയുന്നു. നേരത്തെ തന്നെ മറ്റ് പല പദ്ധതികളും ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചൈന നടപ്പിലാക്കിയിട്ടുണ്ട്. അതിൽ, കൂടുതൽ നികുതി ആനുകൂല്യങ്ങൾ, ഭവന സബ്‍സിഡികൾ, മൂന്നാമത്തെ കുട്ടിക്ക് സൗജന്യമായോ ആനുകൂല്യത്തോടെയോ ഉള്ള വിദ്യാഭ്യാസം എന്നിവയെല്ലാം ഉൾപ്പെടുന്നു.