തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ



തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്ക് ഇടനില നിന്ന കുഞ്ഞിന്റെ മാതാവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പിടിയിലായ യുവതി ഏഴു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ആദ്യ വിവാഹത്തിൽ നാലു കുട്ടികളാണ് യുവതിക്കുള്ളത്. ഇതിൽ രണ്ടു കുട്ടികൾ ആദ്യ ഭർത്താവിനൊപ്പവും രണ്ടു കുട്ടികൾ യുവതിയുടെ അമ്മയ്ക്കൊപ്പം കാഞ്ഞിരംകുളത്തുമാണ്. ഒരു മകൻ യുവതിക്കൊപ്പമാണുള്ളത്.  ഒരു കുഞ്ഞ് മരിച്ചെന്ന മൊഴിയാണ് യുവതി പോലീസിന് നൽകിയത്. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.


കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.