ആൺസുഹൃത്തിന്‍റെ കൂട്ടുകാരന്‍റെ ഐഫോൺ പെൺകുട്ടി മോഷ്ടിച്ചതായി പരാതി; ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ

ആൺസുഹൃത്തിന്‍റെ കൂട്ടുകാരന്‍റെ ഐഫോൺ പെൺകുട്ടി മോഷ്ടിച്ചതായി പരാതി; ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ


കൊച്ചി: പെൺകുട്ടി ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഐഫോൺ മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കൂട്ടുകാരന്‍റെ പെൺ സുഹൃത്ത് ഫോൺ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്.

കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്കെതിരെയാണ് പരാതി. സംഭവം ഇങ്ങനെ, പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെൺകുട്ടിയെ കാക്കനാട്ടെ ഹോസ്റ്റലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിൽ എത്തിയ വിവരം അറിയിക്കാൻ കാമുകനെ വിളിക്കാനായി യുവതി സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടു. ഫോൺ വാങ്ങി കാമുകനെ വിളിച്ചുകൊണ്ട് പെൺകുട്ടി ഹോസ്റ്റലിലേക്ക് ഓടിപ്പോകുകയായിരുന്നു. ഏറെ സമയം കാത്തു നിന്നിട്ടും യുവതി തിരിച്ചുവന്നില്ല. ഇതോടെ ലേഡീസ് ഹോസ്റ്റലിന്‍റെ സുരക്ഷാ ജീവനക്കാരോട് കാര്യം പറഞ്ഞു. എന്നാല്‍ യുവാവ് പറഞ്ഞത് ഹോസ്റ്റൽ അധികൃതർ മുഖവിലയ്ക്ക് എടുത്തില്ല.

ഇതോടെയാണ് യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയെയും ആൺസുഹൃത്തിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. എന്നാൽ ഫോൺ താൻ എടുത്തില്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഏറേനേരം ചോദ്യം ചെയ്തതോടെ ഫോൺ എടുത്തെന്ന് പെൺകുട്ടി സമ്മതിച്ചു. എന്നാൽ അത് ഹോസ്റ്റലിന് സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു മറുപടി. ഫോൺ തിരിച്ചുനൽകിയാൽ മോഷണക്കുറ്റത്തിന് പ്രതിയാകേണ്ടിവരുമെന്ന് കൂട്ടുകാരി പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു.


ഇതേത്തുടർന്ന് കുറ്റിക്കാട്ടിൽ പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി പതിനഞ്ച് ദിവസത്തിനകം ഫോണിന്‍റെ വില നൽകാമെന്ന വ്യവസ്ഥയിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

തനിക്ക് ഒരു ഐഫോൺ വാങ്ങിനൽകണമെന്ന് പെൺകുട്ടി നേരത്തെ ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഐഫോൺ വാങ്ങി നൽകാത്തതിനെ തുടർന്നാണ് ആൺസുഹൃത്തിന്‍റെ കൂട്ടുകാരിന്‍റെ ഫോൺ പെൺകുട്ടി തട്ടിയെടുത്തതെന്നാണ് വിവരം.