യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു, അയൽവാസിക്കും അയച്ചു; എംബിഎക്കാരൻ പിടിയിൽ

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു, അയൽവാസിക്കും അയച്ചു; എംബിഎക്കാരൻ പിടിയിൽ


കൽപ്പറ്റ: യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ചുളളിയോട് സ്വദേശി അജിൻ പീറ്ററാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. മറ്റൊരാളുടെ മൊബൈല്‍ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്ററും പരാതിക്കാരിയായ സ്ത്രീയും സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് യുവതിയുടെ മോര്‍ഫുചെയ്ത ചിത്രങ്ങൾ അജിൻ പീറ്റർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അമ്പലവയലിൽ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ ജീവനക്കാരന്‍റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പ്രതി വാട്ട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയത്. പിന്നീട് ഈ അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിയായ യുവതിയുടെ മോര്‍ഫുചെയ്ത വീഡിയോ പ്രതി  പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

കോളേജ് വിദ്യാര്‍ഥികളുടെ നഗ്ന വീഡിയോ എന്ന തലക്കെട്ടോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചത്. യുവതിയുടെ അയല്‍വാസികളുടെ വാട്ട്സ്ആപ്പ് നമ്പറിലേക്കും ഈ വീഡിയോ അയച്ചുകൊടുത്തു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേരീതിയിൽ അജിൻ പീറ്റർ ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് അമ്പലവയൽ എസ്.എച്ച്.ഒ എം.വി. പളനി പറഞ്ഞു. പ്രതി അജീൻ പീറ്ററിന് സഹായം ഒരുക്കി നൽകിയ സുഹൃത്തുകളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.