ഇരിട്ടി പാലം കവലയിൽ മാസങ്ങളായി അണഞ്ഞു കിടന്ന സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു

ഇരിട്ടി പാലം കവലയിൽ മാസങ്ങളായി അണഞ്ഞു കിടന്ന സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു


ഇരിട്ടി: മാസങ്ങളായി ഇരിട്ടി പാലം കവലയിൽ  പ്രവർത്തന രഹിതമായിക്കിടന്ന സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ അറ്റ കുറ്റ പ്രവർത്തി നടത്തിയാണ്  പ്രവർത്തനക്ഷമമാക്കിയത്.
ഇരിട്ടി പുതിയ പാലം യാഥാർത്ഥ്യമായതോടെയാണ് കൂട്ടുപുഴ റോഡിലേക്കും തളിപ്പറമ്പ് റോഡിലേക്കും വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ട സ്ഥലത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പാലം തുറന്നു കൊടുത്തതോടെ ഏതാനും നാളുകളിൽ പ്രവർത്തിച്ച സിഗ്നൽ സംവിധാനം പിന്നീട്  ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നതാണ് കണ്ടത്. പിന്നീട് ഇത്  പൂർണ്ണമായും അണഞ്ഞു കിടന്നു. തളിപ്പറമ്പ് സംസ്ഥാനപാതയും തലശ്ശേരി - കുടക് അന്തർസംസ്ഥാനപാതയും കൂടിച്ചേരുന്ന കവല എന്നത് കൂടാതെ  ഉളിക്കൽ, കൂട്ടുപുഴ, എടൂർ തുടങ്ങി മലയോര മേഖലയിലെ നിരവധി ടൗണുകളിലേക്കു  വരികയും പോവുകയും ചെയ്യുന്ന നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ  ഒന്നുചേരുന്ന കവലകൂടിയാണ് ഇത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായതോടെ ഈ കവല നിത്യം അപകടക്കെണിയായി മാറി. കെൽട്രോണിലെ ജീവനക്കാരെത്തിയാണ്  ഇവ അറ്റകുറ്റ പ്രവർത്തന നടത്തി പ്രവർത്തനക്ഷമമാക്കിയത്.