മഴവെള്ളം കുത്തിയൊലിച്ച് ജ്വല്ലറിയില്‍; രണ്ടരക്കോടിയുടെ സ്വര്‍ണം ഒലിച്ചുപോയതായി പരാതിലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer


മഴവെള്ളം കുത്തിയൊലിച്ച് ജ്വല്ലറിയില്‍; രണ്ടരക്കോടിയുടെ സ്വര്‍ണം ഒലിച്ചുപോയതായി പരാതി


ബംഗളൂരുവിലുണ്ടായ കനത്ത മഴയുടെ കൂടുതല്‍ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഞായറാഴ്ച രണ്ട് പേരാണ് കനത്ത മഴയില്‍ ബംഗലൂരുവില്‍ മുങ്ങി മരിച്ചത്. കെട്ടിടങ്ങള്‍ തകരുകയും, വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തത് അടക്കം വലിയ നാശനഷ്ടമാണ് പലയിടങ്ങളിലും മഴ വിതച്ചത്.

ഇക്കൂട്ടത്തില്‍ മല്ലേശ്വരത്ത് ഒരു സ്വര്‍ണക്കടയില്‍ നിന്ന് രണ്ടര കോടി രൂപയുടെ സ്വര്‍ണവും ഒലിച്ചുപോയി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അപ്രതീക്ഷിതമായി കടയ്ക്കകത്തേക്ക് വെള്ളവും വേസ്റ്റും അടിച്ചുകയറിയതോടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്ന പണവുമെല്ലാം ഒലിച്ചുപോവുകയായിരുന്നുവത്രേ. ഇതിന്‍റെ വീഡിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുമുണ്ട്. 

വീഡിയോയില്‍ വെള്ളം കയറി ആകെ നശിച്ച നിലയില്‍ കടയുടെ അകം കാണാൻ സാധിക്കും. ഷെല്‍ഫുകളില്‍ ബാക്കിയിരിക്കുന്ന ആഭരണങ്ങള്‍, മുമ്പിലായി ഡിസ്പ്ലേയില്‍ വച്ചതില്‍ ഒലിച്ചുപോയതിന്‍റെ ബാക്കിയായ ആഭരണങ്ങള്‍, കടയ്ക്ക് അകത്ത് ആകെയും ചിതറിക്കിടക്കുന്ന വേസ്റ്റ് എന്നിവയെല്ലാം വീഡിയോയില്‍ കാണാം. 

ഇതെല്ലാം വൃത്തിയാക്കുകയും ആഭരണങ്ങള്‍ വെള്ളത്തില്‍ നിന്നും വേസ്റ്റില്‍ നിന്നും കണ്ടെടുക്കുകയും ചെയ്യുന്ന ജീവനക്കാരെയും വീഡിയോയില്‍ കാണാം. മല്ലേശ്വരത്തെ നിഹാൻ എന്ന ജ്വല്ലറിയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്.

തീര്‍ത്തും അപ്രതീക്ഷിതമായി കടയ്ക്ക് അകത്തേക്ക് വെള്ളവും മാലിന്യവും ഒന്നിച്ച് കുത്തിയൊലിച്ച് കയറുകയായിരുന്നു. ഈ സമയത്ത് കടയ്ക്ക് അകത്തുണ്ടായിരുന്ന  ഉടമസ്ഥയും മറ്റ് ജീവനക്കാരുമെല്ലാം ജീവൻ രക്ഷിക്കുന്നതിനായി ഇറങ്ങിയോടുകയായിരുന്നുവത്രേ. സഹായത്തിനായി കോര്‍പറേഷനില്‍ ബന്ധപ്പെട്ടുവെങ്കിലും അവിടെ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നാണ് കടയുടമ പറയുന്നത്. അടുത്തിടെ പ്രദേശത്ത് ഓടയുടെ അടക്കം അറ്റകുറ്റപ്പണികള്‍ നടത്തിയതിലെ അശാസ്ത്രീയതയാണ് ഈ ദുരന്തത്തിന് കാരണമായതെന്നും കടയുടമ ചൂണ്ടിക്കാട്ടുന്നു. 

ജ്വല്ലറിയുടെ വാര്‍ഷികാഘോഷം പ്രമാണിച്ച് ഒരുപാട് ആഭരണങ്ങള്‍ ഇവര്‍ അധികമായി ഇറക്കിയിരുന്നുവത്രേ. ഈ സാഹചര്യത്തിലാണ് അപകടമുണ്ടായതെന്നും അതാണ് നഷ്ടം ഇത്രയും വലുതാകാൻ കാരണമെന്നും കടയുടമ വിശദീകരിക്കുന്നു.