
തൃശൂര്‍: മരണവീട്ടില്‍ സഹായത്തിനായി എത്തി മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മരണ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതി മോഷ്ടിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വടക്കേക്കാട് പൊലീസ് വലയിലാക്കിയത്. സംഭവം ഇങ്ങനെ: കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് സംഭവം.
ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. പത്മനാഭന് അസുഖമായി ആശുപത്രിയില്‍ പോകുന്നതിനിടെ അടുക്കളയിലെ സ്ലാബിന് മുകളില്‍ പാത്രത്തിനകത്ത് സൂക്ഷിച്ചിരുന്നതായിരുന്നു മാല. പിന്നീട് പത്മനാഭന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റും വന്നതായിരുന്നു പ്രതി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാല വച്ചിരുന്ന സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജി നായരങ്ങാടിയിലെ ജ്വല്ലറിയില്‍ മാല വിറ്റതായും വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചതായും കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെ നായരങ്ങാടിയിലെ ജ്വല്ലറിയിലും സംഭവം നടന്ന വീട്ടിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വടക്കേക്കാട് എസ്എച്ച്ഒ അമൃതരംഗന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സിസില്‍ ക്രിസ്ത്യന്‍ രാജ്, എഎസ്ഐ ഗോപിനാഥ്, സിപിഒമാരായ നിബു, എ രതീഷ്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിലും സ്പെയർ പാർട്സും മോഷണം നടത്തിയ സുരക്ഷാ ജീവനക്കാരൻ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കരുവാറ്റ താമല്ലക്കൽ സ്വദേശിയായ സോമനെ (58) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങരയിലുള്ള മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിൽ, സ്പെയർ പാർട്സ് എന്നിവയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ടു വർഷം ആയി ഇവിടെ സുരക്ഷാ ജീവനക്കാരൻ ആയി ജോലി ചെയ്തു വരികയാണ് ഇയാൾ.