പൊതുസ്ഥലത്ത് മാലിന്യംതള്ളല്‍: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

പൊതുസ്ഥലത്ത് മാലിന്യംതള്ളല്‍: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്



തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്.

മാലിന്യ സംസ്‌കരണ കര്‍മ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ഫോഴ്‌സ്മെന്റ് ശക്തിപ്പെടുത്തണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധനകള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തി നിയമനടപടികള്‍ സ്വീകരിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. പാര്‍ക്കിംഗിന്റെ മറവിലുള്ള മാലിന്യം തള്ളലിനെതിരെ പോലീസ് ഇടപെട്ട് നടപടിയെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വീടുകളിലും ബയോബിന്നുകള്‍ ഉറപ്പാക്കണം. തുമ്ബൂര്‍മൊഴിപോലുള്ള കമ്മ്യൂണിറ്റി സംവിധാനങ്ങള്‍ നടപ്പിലാക്കണം. മാലിന്യസംസ്‌കരണത്തിന് സ്വകാര്യ ഏജന്‍സികളുമായി കരാറിലേര്‍പ്പെടണം. ഹരിത കര്‍മ്മസേനയുടെ 100 ശതമാനം കവറേജ് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ അറിയിപ്പ് ബോര്‍ഡുകളും വേയ്സ്റ്റ് ബിന്നുകളും സ്ഥാപിക്കണമെന്നും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യോഗത്തില്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.