സ്‌റ്റുഡന്റസ്‌ വിസയിലെത്തി മയക്കുമരുന്ന്‌ കച്ചവടം; നൈജീരിയന്‍ യുവതി അറസ്‌റ്റില്‍

സ്‌റ്റുഡന്റസ്‌ വിസയിലെത്തി മയക്കുമരുന്ന്‌ കച്ചവടം;  നൈജീരിയന്‍ യുവതി അറസ്‌റ്റില്‍


കാസര്‍ഗോഡ്‌: കേരളത്തിലേക്കു മയക്കുമരുന്ന്‌ മൊത്തവിതരണം നടത്തുന്ന വന്‍ റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബംഗളൂരുവില്‍ താമസിക്കുന്ന ഹഫ്‌സ റിഹാനത്‌ ഉസ്‌മാന്‍ എന്ന ബ്ലെസിങ്‌ ജോയി(22)യെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നു കാസര്‍ഗോഡ്‌ എ.എസ്‌.പി: പി. രാജു, യുവതിയെ ബംഗളൂരുവിലെത്തി പിടികൂടിയ ബേക്കല്‍ ഡിവൈ.എസ്‌.പി: സി.കെ. സുനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നര വര്‍ഷം മുമ്പാണ്‌ യുവതി സ്‌റ്റുഡന്റസ്‌ വിസയില്‍ ബംഗളൂരുവിലെത്തിയത്‌. പിടികൂടുമ്പോള്‍ യുവതിയുടെ പക്കല്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം 22ന്‌ ഉദുമ പള്ളത്ത്‌ അറസ്‌റ്റിലായ അബൂബക്കര്‍ (35), ഭാര്യ അമീന അസറ (23), കര്‍ണാടക കല്യാണനഗറിലെ എ.കെ. വസീം (32), ബംഗളൂരു സ്വദേശി സൂരജ്‌ (32) എന്നിവരില്‍നിന്നാണ്‌ മയക്കുമരുന്ന്‌ മൊത്തവിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെക്കുറിച്ചു വിവരം ലഭിച്ചതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
വാട്‌സ്‌ ആപ്‌ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ തങ്ങള്‍ക്കു ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന്‌ എത്തിച്ചുനല്‍കിയതെന്ന്‌ അറസ്‌റ്റിലായ അബൂബക്കര്‍ മൊഴിനല്‍കിയിരുന്നു. അതാണ്‌ നൈജീരിയന്‍ സ്വദേശിനിയിലേക്ക്‌ അന്വേഷണമെത്താന്‍ കാരണമായത്‌.
വാട്‌സ്‌ആപ്‌ നമ്പര്‍ നൈജീരിയന്‍ യുവതിയുടേതായിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ നൈജീരിയന്‍ യുവതിയുടെ അറസ്‌റ്റില്‍ കലാശിച്ചത്‌.
യുവതിക്കു പിന്നില്‍ വലിയ സംഘം ഉണ്ടാകുമെന്നാണ്‌ കരുതുന്നതെന്നും അന്വേഷിച്ചുവരികയാണെന്നും എ.എസ്‌.പിയും ബേക്കല്‍ ഡിവൈ.എസ്‌.പിയും പറഞ്ഞു.