ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ

ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ
മട്ടന്നൂർ : ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ രണ്ട് വിമാനക്കമ്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ ഉയര്‍ത്തിയതോടെ യാത്രക്കാരും പ്രതിസന്ധിയിലായി. അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. ദുബൈ, അബുദാബി, മസ്ക്റ്റ്, കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു ഗോ ഫസ്റ്റിന്‍റെ സര്‍വീസുകള്‍.



കണ്ണൂരില്‍ നിന്നും കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു. ഗോഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്കും തിരിച്ചടിയായി. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.