തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു: നടപടി 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു: നടപടി 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം 


ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴ് മണിയ്ക്ക് കെ പൊന്‍മുടിയുടെ വീട്ടില്‍ ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 13 മണിക്കൂര്‍ നീണ്ടു നിന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ ഇഡി കസ്റ്റഡിയിലെടുത്തത്.

2006ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഡി നടപടി. മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തിയത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇഡിക്കും സിബിഐക്കും ഡിഎംകെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ സംഭവത്തില്‍ പ്രതികരിച്ചിരുന്നു. എഐഡിഎംകെയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നാൽ, ഡിഎംകെയുടെ കാര്യത്തിൽ അത് സംഭവിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി.