കേരളത്തിൽ റബർ വളരുന്നു, ഭൂവിസ്തൃതിയിൽ 15.3%; 3 ജില്ലകളിൽ മാത്രം തളർച്ച
2005ൽ 4,99,127 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന റബർ കൃഷി 2020ൽ 5,84,492 ഹെക്ടറിലേക്കു വ്യാപിച്ചു. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 15.3% റബർ മരങ്ങളാണ്. സംസ്ഥാനത്തെ കൃഷിഭൂമിയുടെ 22.6% വരുമിത്. 2013നു ശേഷം മാത്രം 47,840 ഹെക്ടറിലേക്കു കൃഷി വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ റബർ കൃഷിയുടെ 66 ശതമാനവും റബർ ഉൽപാദനത്തിന്റെ 71 ശതമാനവും കേരളത്തിലാണ്. കോട്ടയത്ത് 3000 ഹെക്ടറും ഇടുക്കിയിൽ 2468 ഹെക്ടറും എറണാകുളത്ത് 550 ഹെക്ടറും കൃഷി കുറഞ്ഞു.
ഐഎസ്ആർഒ നാഷനൽ ഡേറ്റ സെന്റർ, അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയാണു റബർ ബോർഡ് പഠനം നടത്തിയത്.
കോട്ടയത്തു മുൻ വർഷങ്ങളിൽ ധാരാളം റീപ്ലാന്റിങ് നടന്നിരുന്നെങ്കിലും അതിന്റെ ആകാശ ദൃശ്യങ്ങൾ പഠനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതിനാൽ കണക്കിൽ ചെറിയ വ്യത്യാസം ഉണ്ടാകാമെന്ന് അധികൃതർ പറയുന്നു. കോവിഡ് മൂലം കൃഷി കുറഞ്ഞിട്ടുണ്ടാകുമെന്നും വിലയിരുത്തലുണ്ട്