കൊല്ലത്ത് പ്രവാസിയുടെ വീടിന് നേരേ പണവും കല്ലുമെറിയുന്നു: 2 ദിവസം കൊണ്ട് കിട്ടിയത് 8900 രൂപ! പരാതി നൽകിയിട്ടും ഫലമില്ല


കൊല്ലത്ത് പ്രവാസിയുടെ വീടിന് നേരേ പണവും കല്ലുമെറിയുന്നു: 2 ദിവസം കൊണ്ട് കിട്ടിയത് 8900 രൂപ! പരാതി നൽകിയിട്ടും ഫലമില്ല

കൊല്ലം: പ്രവാസിയുടെ വീടിന് നേരേ അജ്ഞാതർ കല്ലും പണവും എറിയുന്നത് തുടർക്കഥയാകുന്നു. കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീടിന് നേരേയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കല്ലേറും പണമേറും നടക്കുന്നത്. കല്ലുകളും നാണയങ്ങളും മുതൽ 500 രൂപ നോട്ടുകൾ വരെയാണ് വീട് ലക്ഷ്യമാക്കി വരുന്നത്. രണ്ടു ദിവസം കൊണ്ട് വീട്ടുകാർക്ക് കിട്ടിയത് 8900 രൂപയാണ്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

സംഭവം തുടർക്കഥയായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കിട്ടിയ തുകയും കയ്യോടെ പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല.

മൂന്നു മാസം മുൻപാണ് രാജേഷ് ജോലിതേടി വിദേശത്തു പോയത്. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടിൽ താമസം. പ്രസീദയുടെ അച്ഛൻ പുഷ്കരനും അമ്മയും ഒപ്പമുണ്ട്. നിരന്തരമായ കല്ലേറും പണമേറും കാരണം ഭീതിയിലാണ് ഇവർ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.