
ശ്രീനഗര്‍: നീണ്ട മുപ്പത് വര്‍ഷത്തിന് ശേഷം കശ്മീര്‍ തെരുവുകളിലൂടെ മുഹറം ഘോഷയാത്ര നടന്നു. ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയാണ് വ്യാഴാഴ്ച നടന്നത്. ഗുരുബസാറില്‍ മുതല്‍ ദാല്‍ഗട്ടേ വരെയാണ് യാത്ര സംഘടിപ്പിച്ചത്. ലാല്‍ ചൗക്കിലൂടെയാണ് ഘോഷയാത്ര കടന്നുപോയത്. മുഹറം ഘോഷയാത്ര സമാധാനപരമായി നടന്നതില്‍ തന്റെ സന്തോഷം അറിയിച്ച് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രംഗത്തെത്തിയിരുന്നു. കശ്മീരില്‍ സമാധാനം പുന:സ്ഥാപിച്ചതിന്റെ ലക്ഷണമാണിതെന്നാണ് പരക്കെയുള്ള അഭിപ്രായം. കശ്മീര്‍ തെരുവുകളിലെ അക്രമസംഭവങ്ങള്‍ ഇന്ന് വെറും പഴങ്കഥയാണെന്നും ജനങ്ങള്‍ സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നതെന്നും മനോജ് സിന്‍ഹ പറഞ്ഞു.
ഷിയ വിഭാഗത്തിലുള്ളവര്‍ വ്യാഴാഴ്ച രാവിലെയോടെ ഗുരുബസാറില്‍ അണിനിരക്കുകയും പിന്നീട് ബുദ്ഷാ ചൗക്ക്, എംഎ റോഡ് എന്നിവ വഴി ദാല്‍ ഗേറ്റിലേക്ക് എത്തുകയായിരുന്നു. ശേഷം ഇവര്‍ പിരിഞ്ഞുപോയിരുന്നു. റാലിയ്ക്കിടെ വിശ്വാസികള്‍ മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു. ഏകദേശം 25000 പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. വളരെ അച്ചടക്കത്തോടെയാണ് റാലി സംഘടിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. ” രാവിലെ ആറ് മണിക്കാണ് ഘോഷയാത്ര ആരംഭിച്ചത്. രാവിലെ 11 മണിയോടെ അവസാനിക്കുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിക്ക് തന്നെ ഞങ്ങളുടെ ഒരു ഫോഴ്‌സ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. രാവിലെ മുതലുള്ള ട്രാഫിക് നിയന്ത്രണങ്ങളും വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്,” കശ്മീരിലെ അഡീഷണല്‍ ഡി ജി വിജയ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ 33 വര്‍ഷമായി മുടങ്ങിക്കിടന്ന ഘോഷയാത്രയാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. സമാധാനപരമായി തന്നെ ഘോഷയാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞെന്ന് എഡിജി പറഞ്ഞു. അതേസമയം ഈ ചരിത്രപരമായ തീരുമാനത്തോടൊപ്പം നിന്ന എല്ലാ ഉദ്യോഗസ്ഥന്‍മാരോടും ഷിയ നേതാക്കള്‍ നന്ദി പറഞ്ഞു.”കശ്മീര്‍ താഴ്‌വരയില്‍ സ്ഥിരമായി നടന്നിരുന്ന അക്രമസംഭവങ്ങള്‍ക്ക് അറുതി വന്നിരിക്കുന്നു. ഒരുകാലത്ത് നിരോധനനാജ്ഞകളാല്‍ ജനം പൊറുതിമുട്ടിയിരുന്നു. ഈ നിയന്ത്രണങ്ങൾക്കെല്ലാം ഇരയായത് സാധാരണ ജനങ്ങളായിരുന്നു,’ സിന്‍ഹ പറഞ്ഞു. ദേശീയ സൂഫിസം കണ്‍വെന്‍ഷനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.