മസാല ദോശയ്ക്കൊപ്പം സാമ്പാർ നൽകാത്ത റെസ്റ്റോറന്‍റിന് 3500 രൂപ പിഴ; വിജയിച്ചത് ഒരുവർഷത്തോളം നീണ്ട നിയമപോരാട്ടം
പാട്ന: മസാല ദോശയ്ക്കൊപ്പം സാമ്പാർ നൽകാത്ത റെസ്റ്റോറന്‍റിന് 3500 രൂപ പിഴ ഈടാക്കി. ബീഹാറിലാണ് സംഭവം. ദോശക്കൊപ്പം സാമ്പാറും ചട്ണിയും വിളമ്പുന്നത് പതിവാണെങ്കിലും, ബക്‌സറിലെ റെസ്റ്റോറന്‍റ് സാമ്പാർ നൽകിയിരുന്നില്ല. 2022 ഓഗസ്റ്റ് 15 ന് അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനം ആഘോഷിക്കാൻ നാമക് എന്ന റെസ്റ്റോറന്റിൽ എത്തി പാഴ്സലായി മസാല ദോശ വാങ്ങിയപ്പോൾ സാമ്പാർ ഉണ്ടായിരുന്നില്ല. 140 രൂപ നൽകിയാണ് ഇദ്ദേഹം മസാല ദോശ വാങ്ങിയത്.
വീട്ടിലെത്തി നോക്കിയപ്പോഴാണ് സാമ്പാർ ഇല്ലെന്ന് മനസിലായത്. തുടർന്ന് മനീഷ് ഗുപ്ത റെസ്റ്റോറന്‍റിൽ മടങ്ങിയെത്തുകയും സാമ്പാർ ഇല്ലാത്തതിനെക്കുറിച്ച് പരാതി പറയുകയും ചെയ്തു. എന്നാൽ റെസ്റ്റോറന്‍റ് ഉടമ മനീഷ് ഗുപ്തയെ പരിഹസിക്കുകയാണ് ചെയ്തത്. 140 രൂപയ്ക്ക് മുഴുവൻ റസ്റ്റോറന്റും വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതേത്തുടർന്നാണ് മനീഷ് ഗുപ്ത റെസ്റ്റോറന്‍റിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.
11 മാസത്തെ കാത്തിരിപ്പിനൊടുവിൽ, ഉപഭോക്തൃ കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗും അംഗം വരുൺ കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, റെസ്റ്റോറന്റുകാർ അശ്രദ്ധ കാട്ടിയെന്നും കുറ്റക്കാരാണെന്നും കണ്ടെത്തി 3,500 രൂപ പിഴ ചുമത്തി.
Also Read- ഭർത്താവ് തക്കാളി കറിവെച്ചതിന് ഭാര്യ പിണങ്ങിപ്പോയി
സാമ്പാർ നിഷേധിച്ചത് മൂലം മനീഷ് ഗുപ്ത അനുഭവിച്ച “മാനസികവും ശാരീരികവും സാമ്പത്തികവുമായ” ദുരിതം വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. കോടതിച്ചെലവായി 1500 രൂപയും അടിസ്ഥാന പിഴയായി 2000 രൂപയുമാണ് റെസ്റ്റോറന്‍റ് ഒടുക്കേണ്ടതെന്ന് കോടതി നിർദേശിച്ചു. പിഴ ഒടുക്കാൻ റസ്റ്റോറന്റിന് 45 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ എട്ട് ശതമാനം പലിശ ഉൾപ്പടെ നൽകേണ്ടിവരും.