തൃണമൂൽ ആക്രമണം തുടരുന്നു ; പൊലീസ്‌ വെടിവയ്‌പിൽ 4 മരണം

തൃണമൂൽ ആക്രമണം തുടരുന്നു ; പൊലീസ്‌ വെടിവയ്‌പിൽ 4 മരണം

പശ്‌ചിമ ബംഗാളിൽ വോട്ടെണ്ണലിലും അതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും അഞ്ചുപേർകൂടി കൊല്ലപ്പെട്ടു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപം പൊലീസ് നടത്തിയ വെടിവയ്‌പിൽ നാല്‌ ഐഎസ്എഫ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഭംഗർ രണ്ടാംനമ്പർ ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു വെടിവയ്‌പ്‌. പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവയ്‌പിൽ പ്രതിഷേധിച്ച്‌ ഇടതു കക്ഷികളുടെയും കോൺഗ്രസിന്റെയും ഐഎസ്‌എഫിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട്‌ കൊൽക്കത്തയിൽ റാലി നടത്തും.

പൂർവ ബർദ്വാൻ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനെ തൃണമൂലുകാർ ബോംബെറിഞ്ഞ്‌ കൊന്നു. വിജയാഘോഷത്തിനിടെ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ്‌ തൃണമൂൽ നടത്തുന്നത്. സിപിഐ എം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെയും പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും വ്യാപകമായി തകർത്തു. വോട്ടെടുപ്പ്‌ ദിവസം മൂർഷിദാബാദിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ബുധനാഴ്ച മരിച്ചു. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി.

ഗ്രാമ പഞ്ചായത്ത്‌, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലെല്ലാം തൃണമൂൽ ആധിപത്യം പുലർത്തി. രണ്ടാമത്‌ എത്തിയ ബിജെപിക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 22 ശതമാനം വോട്ട്‌ കുറഞ്ഞു. 2018നെ അപേക്ഷിച്ച് സിപിഐ എമ്മും ഇടതുമുന്നണിയും കോൺഗ്രസും നില മെച്ചപ്പെടുത്തി. 2018ൽ അഞ്ച്‌ ശതമാനംമാത്രം വോട്ടു നേടിയ സിപിഐ എം ഇത്തവണ 12.6 ശതമാനം വോട്ട്‌ നേടി. 32 ലക്ഷത്തിലധികം വോട്ടാണ് പാർടിക്ക്‌ ലഭിച്ചത്. കോൺഗ്രസിന് 13.94 ലക്ഷം വോട്ടും ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ച ഐഎസ്എഫിന് അര ശതമാനത്തിലേറെ വോട്ടും കിട്ടി. 3685 ഗ്രാമ പഞ്ചായത്ത് സീറ്റുകൾ നേടിയ സിപിഐ എമ്മിന്‌ 41 ഗ്രാമ പഞ്ചായത്തുകളുടെയും നാല്‌ പഞ്ചായത്ത് സമിതികളുടെയും ഭരണം ലഭിച്ചു.

നന്ദിഗ്രാമിലെ നുറായ്‌ പഞ്ചായത്തിലെ നാല്‌ സീറ്റിൽ സിപിഐ എം വിജയിച്ചു. അഞ്ച്‌ ജില്ലാ പരിഷത്ത് സീറ്റുകളും നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇടത്–- കോൺഗ്രസ്‌–- ഐഎസ്‌എഫ്‌ സഖ്യത്തിന്‌ 11 ശതമാനം അധികം വോട്ട്‌ ലഭിച്ചു.