ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32 ), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യ പതിവായി കടയിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും സേവ് ചെയ്യുന്നതിനു മുൻപ് തന്നെ ഡിലീറ്റ് ചെയ്തു കളയും ചെയ്യും.
പണം നൽകിയെന്ന തരത്തിൽ പോകുകയും ചെയ്യും. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇത് നിരന്തരം ആവർത്തിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇവർ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ ഈ രീതിയിൽ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് പ്രധാന പ്രതി പ്രഭ.