പണം മോഷ്ടിക്കാൻ പച്ചക്കറി കടയിൽ കയറി; സിസിടിവി കണ്ടതോടെ പിന്തിരിഞ്ഞ് മോഷ്ടാക്കൾ



പണം മോഷ്ടിക്കാൻ പച്ചക്കറി കടയിൽ കയറി; സിസിടിവി കണ്ടതോടെ പിന്തിരിഞ്ഞ് മോഷ്ടാക്കൾ


കാസർകോട്: പണം മോഷ്ടിക്കാൻ പച്ചക്കറി കടയിൽ കയറിയവരുടെ കണ്ണിൽ സിസിടിവി. പെട്ടതോടെ പണി പാളി എന്ന് മനസ്സിലാക്കിയവര്‍ തിരിച്ചുപോയി. ഉദുമ എരോൽ സ്വദേശി സുഹൈലിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് സംഭവം. മോഷണശ്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഷ്ടാക്കൾ പച്ചക്കറിക്കടയുടെ മുൻഭാഗത്തെ വല കെട്ടിയടച്ച ഭാഗത്തു കൂടെ അകത്തുകടക്കുകയായിരുന്നു. പിന്നീട് പച്ചക്കറിത്തട്ടിൽ ചവിട്ടി അകത്ത് കടന്ന ഇവര്‍ വായിൽ ടോർച്ച് കടിച്ച് പിടിച്ച് പണം സൂക്ഷിച്ച സ്ഥലം തിരയുന്നതിനിടെയിലാണ് സിസിടിവി കണ്ണിൽ പെടുന്നത്. എല്ലാം കാണുന്നുണ്ടെന്ന് മനസ്സിലായതോടെ മുഖത്തു ചമ്മലും പിന്നെ പരിഭ്രാന്തിയും. മുഖം മറയ്ക്കാൻ ശ്രമമായി. പിന്നാലെ മോഷണ ശ്രമത്തിൽനിന്നു പിന്തിരിയുകയായിരുന്നു. അതിനാൽ ഉടമയ്ക്കു പണം നഷ്ടമായില്ല. പിറ്റേന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.‌


പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ മോഷണശ്രമം നടത്തിയവരിൽ ഒരാൾ സ്ഥിരം മോഷണക്കേസുകളിൽ പ്രതിയാണെന്ന് മേൽപറമ്പ് പൊലീസ് പറഞ്ഞു. ആദൂർ, നായന്മാർമൂല തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ ആളാണെന്നാണു സൂചന. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കളനാട് ഒരു സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു.