യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നു വെളിപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; വീടിന് പിന്നിലെ മാലിന്യക്കുഴിയും അടുക്കളയും ഒരു മുറിയും കുഴിച്ചുനോക്കിയിട്ടും മൃതദേഹം കണ്ടെത്താനാകാതെ പോലീസ്
കൂടല്‍/അടൂര്‍(പത്തനംതിട്ട): ഒന്നരവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നു വെളിപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. കലഞ്ഞൂര്‍, പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ അഷ്‌റഫിന്റെ മകന്‍ നൗഷാദി(34)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാര്യ നൂറനാട് സ്വദേശി അഫ്‌സാന(25)യാണ് അറസ്റ്റിലായത്.
അടൂര്‍ പരുത്തിപ്പാറ പള്ളിക്കു സമീപം പാലമുറ്റത്ത് ജിജുവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കവേ 2021 നവംബര്‍ ഒന്നിനാണു നൗഷാദിനെ കാണാതായത്. പിതാവിന്റെ പരാതിയില്‍ 2021 ഡിസംബര്‍ 16-നു പോലീസ് കേസെടുത്തു. അന്വേഷണത്തിനിടെ, നൗഷാദിനെ താന്‍ അടൂരില്‍ കണ്ടെന്ന് അഫ്‌സാന കഴിഞ്ഞദിവസം കൂടല്‍ എസ്.ഐ: ഷെമിമോളെ വിളിച്ചറിയിച്ചു.
സംശയം തോന്നിയ എസ്.ഐ, ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നിര്‍ദേശപ്രകാരം 26-ന് അഫ്‌സാനയെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. പരസ്പരവിരുദ്ധമായി മൊഴിനല്‍കിയ അഫ്‌സാന ഒടുവില്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിക്കുകയായിരുന്നു. പരുത്തിപ്പാറയിലെ വാടകവീട്ടില്‍ മൂന്നുമാസം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞതെന്നും നൗഷാദ് മദ്യപിച്ച് സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും അഫ്‌സാന മൊഴി നല്‍കി.
നിലവില്‍ ഐ.പി.സി. 177, 182 (പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍), 297 (മതവികാരം വ്രണപ്പെടും വിധം ശവക്കല്ലറ െകെയേറുക/മൃതദേഹത്തെ അവഹേളിക്കുക/മൃതദേഹത്തോട് അപമര്യാദ) എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
നൗഷാദ് കൊല്ലപ്പെട്ടെങ്കില്‍ മൃതദേഹം എവിടെയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തൊട്ടടുത്ത പള്ളി സെമിത്തേരിയില്‍ മറവുചെയ്തു, പുഴയില്‍ത്തള്ളി, മാലിന്യക്കുഴിയിലിട്ട് മൂടി എന്നിങ്ങനെ പരസ്പരവിരുദ്ധമാണു പ്രതിയുടെ മൊഴികള്‍. കോന്നി ഡിെവെ.എസ്.പി: ടി. രാജപ്പന്റെ നേതൃത്വത്തില്‍ 26-നും ഇന്നലെയുമായി നടന്ന ചോദ്യംചെയ്യലിലും വ്യക്തത ലഭിച്ചില്ല. തുടര്‍ന്ന് അഫ്‌സാന പറഞ്ഞ പരുത്തിപ്പാറയിലെ വാടകവീട്ടില്‍ പോലീസെത്തി.
പള്ളി സെമിത്തേരിയില്‍ പരിശോധന നടത്തിയ പോലീസ് ആ സാധ്യത തള്ളി. വീടിനു പിന്നില്‍ മാലിന്യം നിക്ഷേപിക്കുന്ന കുഴിയിലും പരിശോധന നടത്തി. അഫ്‌സാനയെ വീട്ടിലെത്തിച്ച് അടുക്കളയും ഒരു മുറിയും കുഴിച്ചുനോക്കി. ഒടുവില്‍ പോലീസ് സംഘം തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി.
മൃതദേഹം കിട്ടാതെ, നൗഷാദ് മരിച്ചെന്നു സ്ഥിരീകരിക്കാനാവില്ലെന്നു പോലീസ് അറിയിച്ചു. കുറ്റസമ്മതം നടത്തിയ അഫ്‌സാനയെ വിട്ടയയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരസ്പരവിരുദ്ധമായി മൊഴി നല്‍കുന്ന അഫ്‌സാനയുടെ മനോനില പരിശോധിക്കേണ്ടിവരുമെന്നും പോലീസ് പറയുന്നു.