കണ്ണുകാണാത്ത മകള്‍, പ്രായമായ അമ്മ; ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ; തുണയായി ജനമൈത്രി പൊലീസ്

കണ്ണുകാണാത്ത മകള്‍, പ്രായമായ അമ്മ; ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ; തുണയായി ജനമൈത്രി പൊലീസ്


തൃശൂര്‍: കണ്ണുകാണാത്ത മകള്‍ക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂര്‍ ജനമൈത്രി പൊലീസ്. താണിശേരി കാവുപുര സ്വദേശി 75 വയസുള്ള പുഷ്പ, കണ്ണു കാണാത്ത 52 വയസുള്ള മകള്‍ ബിന്ദു എന്നിവര്‍ക്കാണ് അവശതയില്‍ തുണയായി കാട്ടൂര്‍ ജനമൈത്രി പൊലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടില്‍ വീണതിനെ തുടര്‍ന്ന് നട്ടെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകള്‍ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു.

കാറളം പഞ്ചായത്തംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെയും തുടര്‍ച്ചികിത്സയുടെയും ഭാഗമായി തണല്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫീസര്‍ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീര്‍ നവീനാസ്, മജീബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.