വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സ്വകാര്യ ബസുകളിൽ പ്രദർശിപ്പിക്കണം

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സ്വകാര്യ ബസുകളിൽ പ്രദർശിപ്പിക്കണം

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സ്വകാര്യ ബസുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കലക്ടറുടെ നിർദേശം. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ സമയം രേഖപ്പെടുത്തിയ കൺസെഷൻ കാർഡുകൾ വിതരണം ചെയ്യണമെന്നും യോഗത്തിൽ നിർദേശിച്ചു.
രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് വരെയാണ് ഇളവ് അനുവദിക്കുക. വിദ്യാർഥികൾ വരിയായി നിന്ന് ബസുകളിൽ കയറണം. വാതിൽ അടക്കാതെ ബെല്ല് അടിക്കരുത്. കൺസഷൻ നൽകുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണം. ബസ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.

കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ആർ.ടി.ഒ മാരായ ജി. അനന്തകൃഷ്ണൻ, പി.എം ഷബീർ, എസ്.പി. സ്വപ്ന, പൊലീസ് ഉദ്യോഗസ്ഥർ, കെ.ബി.ടി.എ (കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ) പ്രതിനിധികൾ, കോളജ് അധികൃതർ, വിദ്യാർഥികൾ തുടങ്ങിയ യോഗത്തിൽ പങ്കെടുത്തു